ഹോം › തെയ്യം ഐതിഹ്യങ്ങൾ › മുച്ചിലോട്ട് ഭഗവതി

മുച്ചിലോട്ട് ഭഗവതി

Muchilottu Bhagavathi Theyyam

മുച്ചിലോട്ട് ഭഗവതി

വടക്കേ മലബാറിലെ വാണിയ സമുദായം തങ്ങളുടെ കുല ദൈവമായി ആരാധിക്കുന്ന തെയ്യമാണ് മുച്ചിലോട്ട് ഭഗവതി. പെരിഞ്ചെല്ലൂരിലെ (ഇന്നത്തെ തളിപ്പറമ്പ്) മാണിയാട്ട് മനയിൽ ജനിച്ച ബ്രാഹ്മണ കന്യകയാണ് മുച്ചിലോട്ട് ഭഗവതിയായി മാറിയത് എന്നാണ് ഏറ്റവും പ്രചാരമുള്ള ഐതിഹ്യം. ബ്രാഹ്മണ കന്യക തന്റെ പാണ്ഡിത്യത്തിൽ വിറളി പൂണ്ടവർ ഒരുക്കിയ ചതിയിൽ പെട്ട് സ്വന്തം ജീവിതം അവസാനിപ്പിക്കുകയായിരുന്നത്രെ.

ബ്രാഹ്മണ പണ്ഡിതരുടെ ചതിയിൽ പെട്ട് സ്വന്തം ഗൃഹത്തിൽ നിന്ന് പുറത്താക്കപ്പെട്ട ബ്രാഹ്മണ യുവതി വടക്കു ദിശയിൽ സഞ്ചരിക്കുകയും അവസാനം കരിവെള്ളൂർ ശിവ ക്ഷേത്രത്തിൽ എത്തിച്ചേരുകയും ചെയ്തു. അവിടെ വെച്ചാണ് യുവതി അഗ്നിയിൽ ചാടി ആത്മഹത്യ ചെയ്തതും ശൈവ ചൈതന്യമുള്ള ഭഗവതിയായി മാറിയതും.

പിന്നീട് കരിവെള്ളൂരിലെ മുച്ചിലോടൻ വാണിയനിൽ സംപ്രീതയായ ഭഗവതി അയാളുടെ വീട്ടിൽ തന്റെ സാന്നിധ്യം കാട്ടുകയും അവിടം തന്റെ ആരൂഢ സ്ഥാനമായി തിരഞ്ഞെടുക്കുകയും ചെയ്തു. മുച്ചിലോട്ട് ഭഗവതി എന്ന പേരും സ്വീകരിച്ചു. അങ്ങനെയാണ് കരിവെള്ളൂർ മുച്ചിലോട്ട് കാവ് ഉണ്ടായതത്രെ. രണ്ടാം മുച്ചിലോട് ആയ തൃക്കരിപ്പൂരിലും പിന്നീട് അഞ്ച് സ്ഥാനങ്ങളിലും കൂടി ഭഗവതി നേരിട്ട് തന്റെ സാന്നിധ്യം അറിയിച്ചത്രേ.

വാണിയ സമുദായം തങ്ങൾ അധിവസിക്കുന്ന നാടുകളിലെല്ലാം മുച്ചിലോട്ട് ഭഗവതിക്ക് സ്ഥാനം നൽകി ആരാധിക്കാൻ തുടങ്ങി. അങ്ങനെ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി 114 ഓളം മുച്ചിലോട്ട് കാവുകൾ ഇന്ന് നിലവിലുണ്ട്.

മഹാ മാന്ത്രികനായ മണക്കാടൻ ഗുരുക്കളാണ് മുച്ചിലോട്ട് ഭഗവതിയുടെ കോലം രൂപകല്പന ചെയ്തത് എന്നാണ് കരുതപ്പെടുന്നത്. ചെക്കിപൂവ് കൊണ്ട് അലങ്കരിച്ച വട്ടമുടിയാണ് മുച്ചിലോട്ട് ഭഗവതിക്ക്. കുറ്റിശംഖും പ്രക്കെഴുത്തും എന്നാണ് മുച്ചിലോട്ട് ഭഗവതിയുടെ മുഖത്തെഴുത്തിന് പറയുക. വളരെ സാത്വികമായ ചലനങ്ങൾ മുച്ചിലോട്ട് ഭഗവതിയുടെ പ്രത്യേകതയാണ്.

കണ്ണൂർ ജില്ലയിലെ പഴയങ്ങാടി പുഴയ്ക്ക് വടക്ക് മാടായി, കടന്നപ്പള്ളി മുച്ചിലോട്ട് കാവുകളിൽ ഒഴികെ മറ്റെല്ലായിടത്തും പെരുങ്കളിയാട്ടമായാണ് ഭഗവതിയെ കെട്ടിയാടിക്കാറ്. പുഴയ്ക്ക് തെക്കുള്ള കാവുകളിൽ ആണ്ടുകളിയാട്ടമാണ് പതിവ്. ഒരു കളിയാട്ടക്കാലത്ത് ഏകദേശം എഴുപതോളം മുച്ചിലോട്ട് കാവുകളിൽ ഭഗവതിയുടെ കോലം കെട്ടി യാടിക്കാറുണ്ട്. ഏതാണ്ട് എല്ലാ മുച്ചിലോട്ട് കാവുകളിലും മുച്ചിലോട്ട് ഭഗവതിയെ കൂടാതെ കണ്ണങ്ങാട്ട് ഭഗവതി, നരമ്പിൽ ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ എന്നീ തെയ്യങ്ങൾക്കും കോലം ഉണ്ടാകാറുണ്ട്.

മുച്ചിലോട്ട് ഭഗവതി തെയ്യം തീയതികൾ 2026-27

Muchilottu Bhagavathi dates in the theyyam calendar

മുച്ചിലോട്ട് ഭഗവതി തെയ്യം കെട്ടിയാടുന്ന കാവുകൾ

മറ്റ് തെയ്യങ്ങൾ

എല്ലാ തെയ്യങ്ങളും

പതിവ് ചോദ്യങ്ങൾ

മുച്ചിലോട്ട് ഭഗവതി തെയ്യം എപ്പോഴാണ്?

മുച്ചിലോട്ട് ഭഗവതി തെയ്യമുള്ള 50 കളിയാട്ടങ്ങൾ വരികയിലുണ്ട്. അടുത്തത് കോടാപറമ്പ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം — 28/11/26 – 01/12/26. തീയതികൾ മാറാം; യാത്രയ്ക്ക് മുമ്പ് കാവിൽ അന്വേഷിക്കുക.

മുച്ചിലോട്ട് ഭഗവതി തെയ്യം എവിടെയൊക്കെ കെട്ടിയാടുന്നു?

ഉത്തരകേരളത്തിലെ കാവുകളിൽ: എളയാവൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കൈതേരി ആറങ്ങാട്ടേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കരിവെള്ളൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കീഴാറ്റൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കൂവേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം.

മുച്ചിലോട്ട് ഭഗവതി തെയ്യത്തിന്റെ ഐതിഹ്യം എന്താണ്?

വടക്കേ മലബാറിലെ വാണിയ സമുദായം തങ്ങളുടെ കുല ദൈവമായി ആരാധിക്കുന്ന തെയ്യമാണ് മുച്ചിലോട്ട് ഭഗവതി. പെരിഞ്ചെല്ലൂരിലെ (ഇന്നത്തെ തളിപ്പറമ്പ്) മാണിയാട്ട് മനയിൽ ജനിച്ച ബ്രാഹ്മണ കന്യകയാണ് മുച്ചിലോട്ട് ഭഗവതിയായി മാറിയത് എന്നാണ് ഏറ്റവും പ്രചാരമുള്ള ഐതിഹ്യം. ബ്രാഹ്മണ കന്യക തന്റെ പാണ്ഡിത്യത്തിൽ വിറളി പൂണ്ടവർ ഒരുക്കിയ ചതിയിൽ പെട്ട് സ്വന്തം ജീവിതം അവസാനിപ്പിക്കുകയായിരുന്നത്രെ.