ഹോം › തെയ്യം — ചോദ്യോത്തരങ്ങൾ

തെയ്യം — ചോദ്യോത്തരങ്ങൾ

Theyyam — Questions and Answers

Simple answers to common questions about theyyam, the ritual art of North Kerala.

കൂടുതൽ

പതിവ് ചോദ്യങ്ങൾ

തെയ്യം ഏത് സമയത്തും കാണാൻ കഴിയുമോ?

ഇല്ല, ഒക്ടോബർ പകുതി മുതൽ ജൂൺ ആദ്യം വരെയാണ് തെയ്യക്കാലം. ഇതിൽ ജനുവരി മുതൽ മാർച്ച്‌ വരെയുള്ള സമയങ്ങളിലാണ് ഏറ്റവും കൂടുതൽ കളിയാട്ടങ്ങൾ നടക്കുക. എന്നാൽ മുത്തപ്പൻ, നീലിയാർ ഭഗവതി എന്നിങ്ങനെ അപൂർവ്വം ചില തെയ്യങ്ങൾ കാലഭേദമില്ലാതെ കാണാൻ സാധിക്കും. 2026-27 സീസണിലെ കളിയാട്ടങ്ങൾ വരികയുടെ തെയ്യം കലണ്ടറിൽ കാണാം.

ഒരു കാവിലോ തറവാട്ടിലോ ഏത് സമയത്താണ് തെയ്യം നടത്തേണ്ടത് എന്ന് എങ്ങനെയാണ് തീരുമാനിക്കുന്നത്?

മലയാളം കലണ്ടർ (കൊല്ലവർഷം) അനുസരിച്ചാണ് ഓരോ കാവിലേയും തറവാട്ടിലേയും തെയ്യം തീരുമാനിക്കുന്നത്. ഒരു നിശ്ചിത തീയതിയിൽ ആയിരിക്കും എല്ലാ കൊല്ലവും ഒരു ڪാവിലെ തെയ്യം നടക്കുക. പ്രത്യേകമായ കാരണങ്ങളാൽ മാത്രമേ ഈ തീയതിയിൽ മാറ്റം വരുത്താറുള്ളൂ. എങ്കിലും സമയക്രമത്തിൽ മാറ്റം വരാം; യാത്രയ്ക്ക് മുമ്പ് കാവുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തുക.

തെയ്യം ഏത് സമയത്താണ് തുടങ്ങുന്നത്?

സാധാരണയായി വൈകുന്നേരം തോറ്റത്തോടെയാണ് ചടങ്ങുകൾ തുടങ്ങുന്നത്. പ്രധാന തെയ്യങ്ങൾ രാത്രിയിലും പുലർച്ചെയുമാണ് കെട്ടിയാടുന്നത്. ഓരോ കാവിലും സമയക്രമം വ്യത്യസ്തമായിരിക്കും.

ഒരു തെയ്യത്തിന്റെ ചടങ്ങുകൾ എത്ര സമയം നീണ്ടു നിൽക്കും?

ഓരോ തെയ്യം അവതരണത്തിന്റെ ദൈർഘ്യവും വ്യത്യസ്തമാണ്. ഒന്നോ രണ്ടോ മണിക്കൂറുകൾ കൊണ്ട് അവസാനിക്കുന്ന തെയ്യങ്ങളും 24 മണിക്കൂർ നീണ്ടു നിൽക്കുന്ന ചടങ്ങുകൾ ഉള്ള തെയ്യങ്ങളും ഉണ്ട്.

ഏതൊക്കെ നാട്ടിൽ തെയ്യം കാണാൻ സാധിക്കും?

കണ്ണൂർ - കാസർഗോഡ് ജില്ലകൾ, കോഴിക്കോട് - വയനാട് ജില്ലകളുടെ ചില ഭാഗങ്ങൾ, കർണാടകയിലെ സൗത്ത് കന്നഡ, കുടക് ജില്ലകളുടെ ചില ഭാഗങ്ങളിലാണ് തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നത്.

തെയ്യം കെട്ടിയാടുന്ന സ്ഥാനങ്ങൾ എന്തൊക്കെയാണ്?

സാധാരണയായി തെയ്യങ്ങൾ കെട്ടിയാടുന്ന ഇടങ്ങളെ കാവ്, തറവാട്, മുണ്ട്യ, അറ, മാടം, മടപ്പുര, താനം, കോട്ടം, മഠം, പള്ളിയറ എന്നിങ്ങനെയാണ് വിളിക്കാറുള്ളത്.

പ്രത്യേക സ്ഥാനങ്ങൾക്ക് പുറത്ത് തെയ്യം കെട്ടിയാടിക്കാറുണ്ടോ?

ഉണ്ട്, ചില തെയ്യങ്ങൾ പ്രത്യേക സ്ഥാനമില്ലാതെ ഭക്തരുടെ നേർച്ചയായും മറ്റും കെട്ടിയാടിക്കാറുണ്ട്.

തെയ്യം കാണാൻ പ്രവേശന ഫീസ് ഉണ്ടോ?

ഇല്ല. തെയ്യം ഒരു ക്ഷേത്രാനുഷ്ഠാനമാണ്; ആർക്കും സൗജന്യമായി കാണാം. മാന്യമായി വസ്ത്രം ധരിക്കുകയും കാവിലെ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുക.

കാവിലേക്ക് എങ്ങനെ എത്താം?

വരികയിലെ ഓരോ ഇവന്റ് പേജിലും കാവ് പേജിലും ഗൂഗിൾ മാപ്പ് ലിങ്ക് ഉണ്ട്. മിക്ക കാവുകളും ഗ്രാമങ്ങളിലാണ്; കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി, കാഞ്ഞങ്ങാട്, കാസർഗോഡ് തുടങ്ങിയ പട്ടണങ്ങളിൽ നിന്ന് റോഡ് മാർഗം എത്താം.

തെയ്യത്തിന്റെ ഫോട്ടോ എടുക്കാമോ?

സാധാരണയായി ഫോട്ടോ എടുക്കാൻ അനുവാദമുണ്ട്. എന്നാൽ തെയ്യക്കോലത്തിന് നേരെ ഫ്ലാഷ് ഉപയോഗിക്കരുത്, അനുഷ്ഠാനം നടക്കുന്ന ഇടത്തേക്ക് കടക്കരുത്, കാവിലെ നിർദ്ദേശങ്ങൾ പാലിക്കുക.

തെയ്യം ഒരു കലാരൂപമാണോ?

തെയ്യത്തിൽ നിരവധിയായ കലാംശങ്ങൾ കൂടിചേർന്നിട്ടുണ്ടെങ്കിലും തെയ്യം ആദ്യാവസാനം ഒരു അനുഷ്ടാന സമ്പ്രദായം തന്നെയാണ്. വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾ നിർവഹിക്കുക എന്നത് തന്നെയാണ് തെയ്യത്തിന്റെ പ്രാഥമിക ധർമം. അതേ സമയം നിരവധി കലകളെ അതിന്റെ പല തലങ്ങളിൽ നിങ്ങൾക്ക് തെയ്യത്തിൽ കാണാൻ സാധിക്കുകയും ചെയ്യും.

എന്താണ് കളിയാട്ടം?

ഒരു കാവിലോ തറവാട്ടിലോ തെയ്യങ്ങൾ കെട്ടിയാടുന്ന ഉത്സവമാണ് കളിയാട്ടം. ഇത് ഒരു ദിവസമോ പല ദിവസങ്ങളോ നീണ്ടുനിൽക്കാം. വരികയിലെ ഓരോ ഇവന്റും ഒരു കളിയാട്ടമാണ് — തീയതികളും സ്ഥലവും കെട്ടിയാടുന്ന തെയ്യങ്ങളും സഹിതം.

താല്പര്യമുള്ള ആർക്കും തെയ്യത്തിന്റെ കോലം ധരിക്കാൻ കഴിയുമോ?

ഒരിക്കലുമില്ല, തെയ്യം കെട്ടാൻ പാരമ്പര്യമായ അവകാശം വേണം. പ്രത്യേക സമുദായത്തിൽ പെട്ടവർക്ക് മാത്രമേ തെയ്യം കെട്ടാൻ സാധിക്കുകയുള്ളൂ. ചില കോലങ്ങൾ കെട്ടിയാടാൻ പ്രത്യേക സമുദായത്തിൽ പെട്ട പ്രത്യേക തറവാട്ടിൽ നിന്നുള്ള പ്രത്യേക ആചാര സ്ഥാനമുള്ള വ്യക്തി തന്നെ വേണമെന്നുള്ള നിഷ്കർശങ്ങൾ വരെ തെയ്യത്തിലുണ്ട്.

എല്ലാ പ്രദേശങ്ങളിലും എല്ലാ തെയ്യങ്ങളെയും കാണാൻ കഴിയുമോ?

ഇല്ല, ചില തെയ്യങ്ങൾ ഒഴിച്ച് മറ്റെല്ലാ തെയ്യങ്ങളും ഓരോ പ്രദേശങ്ങളിൽ മാത്രമാണ് കൂടുതലായി കാണാൻ കഴിയുക. ഒരു കാവിൽ മാത്രം കെട്ടിയാടുന്ന തെയ്യങ്ങൾ, ഒരു പ്രത്യേക സ്ഥലത്ത് മാത്രം കെട്ടിയാടുന്ന തെയ്യങ്ങൾ, ഒരു സ്വരൂപത്തിൽ മാത്രം കെട്ടിയാടുന്ന തെയ്യങ്ങൾ എന്നിങ്ങനെയുള്ള പ്രത്യേകതകൾ തെയ്യത്തിലുണ്ട്.

എല്ലായിടത്തും ഒരു തെയ്യം ഒരു തെയ്യത്തിന് ഒരേ രൂപമാണോ ഉണ്ടാവുക?

അല്ല, വളരെ അപൂർവ്വം തെയ്യങ്ങൾക്ക് ഒഴിച്ച് വിവിധ നാടുകളിൽ ഒരേ തെയ്യത്തിന് വ്യത്യസ്ത രൂപമായിരിക്കും ഉണ്ടാവുക. ഇത് വളരെ ചെറിയ വ്യത്യാസങ്ങൾ മുതൽ പൂർണമായും രൂപം മാറുന്ന തെയ്യങ്ങൾ വരെയുണ്ട്.

ഇന്ന് എവിടെ തെയ്യം കാണാം?

ഇന്നും വരുന്ന ആഴ്ചയിലും നടക്കുന്ന കളിയാട്ടങ്ങൾ സ്ഥലവും മാപ്പ് ലിങ്കും സഹിതം ഇന്നത്തെ തെയ്യം പേജിൽ കാണാം.